എസ്. ബി. ഐ. യും വീട് വായ്പയും
സർക്കാർ സെർവീസ്സിൽ കയറിയിട്ട് പതിനാലു വർഷം കഴിഞ്ഞു. സമ്പാദ്യം നോക്കുമ്പോൾ ഒന്നും കാണുന്നില്ല. കിട്ടിയ ശമ്പളം ഒക്കെ എവിടെ പോയി? എവിടെയൊക്കെയോ നഷ്ടങ്ങൾ ഉണ്ടായി. ഒരു സർക്കാർ ഉദ്യോഗസ്ഥന് ജീവിതകാലത്ത് ഒരു സ്ഥലവും വീടും വയ്ക്കാനും മക്കളെ പഠിപ്പിക്കാനും കെട്ടിക്കാനും ഒക്കെ മാത്രമെ കഴിയൂ. കൂടുതൽ ഒന്നും പറ്റില്ല. അതെങ്കിലും നടക്കേണ്ടേ? വളരാത്ത നിക്ഷേപങ്ങളിൽ പൈസ ഇട്ടാൽ ഉള്ളതും പോകും.
ഏതായാലും കൂട്ടുകാർ പലരും മുൻപേ സ്ഥലം വാങ്ങി വച്ചത്, കഴിഞ്ഞ രണ്ട് മൂന്ന് വർഷം കൊണ്ടുണ്ടായ സ്ഥല വില വർദ്ധന കാരണം, വലിയ ആസ്തി ആയി മാറിയത് കണ്ടപ്പൊ ഞാൻ പകച്ച് പോയി. കുറെ സ്ഥലം അന്നേ വാങ്ങി വച്ചാ മതിയായിരുന്നു. പറ്റിയില്ല. ഇനി വാങ്ങണമെങ്കിൽ തീ വില. വീടു വയ്ക്കാൻ വേണ്ടി സ്ഥലം വാങ്ങാൻ വായ്പ കൊടുക്കും എന്ന് ബാങ്കിന്റെ പരസ്യം കണ്ട് ഏസ്.ബി.ഐ. യുടെ അടുത്ത ശാഖയിൽ കയറി ചെന്നു. ഒഫീസറുമായി സംസാരിച്ചപ്പൊ ആണ് അതിന്റെ ബുദ്ധിമുട്ട് മനസ്സിലായത്.
സ്ഥലം വാങ്ങിയാൽ അതിൽ 2 വർഷം കൊണ്ട് വീടു വെയ്ക്കണം. അത് സാരമില്ല. പക്ഷെ …. സ്ഥലം റജിസ്റ്റർ ചെയ്താൽ റജിസ്റ്റർ ചെയ്ത പ്രമാണങ്ങൾ കിട്ടാൻ 10-15 ദിവസം എടുക്കും. എസ്. ബി. ഐ. ചെക്ക് കൊടുത്താലല്ലേ സ്ഥലം ഉടമസ്ഥൻ സ്ഥലം രജിസ്റ്റർ ചെയ്ത് തരുകയുള്ളൂ. അതു കഴിഞ്ഞു റജിസ്റ്റർ ഒഫീസിൽ നിന്നും പ്രമാണങ്ങളും വാങ്ങി വായ്പ എടുത്ത ആൾ മുങ്ങിയാലോ എന്നാണ് എസ്. ബി. ഐ യുടെ ഭയം. വടക്കെ ഇന്ത്യയിലെ തസ്കരന്മാരെ ഉദേശിച്ചിട്ടുള്ളതല്ലേ ഇവരുടെ ഒക്കെ നിയമങ്ങൾ. അതുകൊണ്ട് ഈ റജിസ്റ്റർ ചെയ്ത പ്രമാണങ്ങൾ കിട്ടുന്നതു വരെ ഒരാൾ ജാമ്യം നിൽക്കണം. വെറുതെ നിന്നാൽ പോര- അയാൾ വാങ്ങുന്ന സ്ഥലത്തിനേക്കാൾ കൂടുതൽ ആസ്തി ഉള്ളവനാകണം ജാമ്യം നിൽകുന്ന ആൾ. അയാളുടെ വസ്തുവകകളുടെ പ്രമാണങ്ങൾ എസ്. ബി. ഐ യിൽ കൊണ്ട് ചെന്നു ജാമ്യം വയ്ക്കണം. ഞാൻ ഇതു കേട്ട് വിയർത്ത് പോയി. ആരാ ജാമ്യം നിൽക്കുക എനിക്ക് വേണ്ടി. കൂട്ടുകാരോടു ഇത്രയൊക്കെ ചോദിക്കാൻ പറ്റുമോ? പ്രത്യകിച്ചും മലബാർ പോലെ ഉള്ള സ്ഥലത്ത് അങ്ങിനെ ഉള്ള കൂട്ടുകാരെ കിട്ടാനും ഇല്ല. അമ്മായിയപ്പനെ ആശ്രയിക്കാൻ അഭിമാനം സമ്മതിക്കുകയില്ല. അയാൾ എന്നെ ഇൻസൾറ്റ് ചെയ്ത ആൾ ആണ്. അയാളുടെ പൊങ്ങച്ചമൊക്കെ കേൾക്കാൻ എനിക്ക് വയ്യ. എന്റെ വീട്ടുകാർ എവിടെയൊക്കെയോ ആണ്. സ്ത്രീധനം വാങ്ങിയല്ല കല്യാണം കഴിച്ചത്. അത് തെറ്റായി പോയി എന്നു തോന്നി. ആയിരുന്നെങ്കിൽ എസ്.ബി.ഐ യുടെ ഓഫീസരുടെ മുൻപിൽ അഭിമാനത്തൊടെ ഇരിക്കാമായിരുന്നു.
ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്, ഞാൻ അധാരങ്ങൾ റജിസ്റ്റർ ചെയ്താൽ ഇവിടെ എൽപ്പിക്കുമെന്ന് എഴുതി ഒപ്പിട്ടു തരാം, എന്നൊക്കെ പറഞ്ഞു നോക്കി. അതിനൊന്നും നിയമം അനുവദിക്കുന്നില്ലത്രെ. എന്നെ പോലെയുള്ള ഒരാൾ ആധാരം കൊണ്ട് മുങ്ങിപൊയ്ക്കളയാൻ പറ്റുമോ? എങ്കിൽ പിന്നെ സർക്കാർ ഉദ്യോഗസ്ഥനു എന്ത് വിലയാണുള്ളത്? എന്തു വിശ്വാസ്യതയാണുള്ളത്? ഗസറ്റഡ് ഒഫീസർ എന്ന നിലക്ക് ഒപ്പിട്ട് കൊടുക്കാൻ സർക്കാർ ഉദ്യോഗസ്ഥന് എന്ത് അധികാരമാണുള്ളത്? എന്റെ ഗസറ്റഡ് റാങ്കൊന്നും എസ്.ബി.ഐ ക്ക് ഒരു വിലയും ഇല്ല. അവർക്ക് എന്നെ വിശ്വസിക്കാൻ പറ്റില്ല. അവർ ഒരു വലിയ ബാങ്കാണല്ലോ? ഒരു പൈസയില്ലാത്ത സർക്കാർ ഉദ്യോഗസ്ഥനെ ഒന്നും അവർക്ക് കസ്റ്റമർ ആയി വേണ്ട കാര്യം ഒന്നും ഇല്ല. ഞാൻ തിരുവനന്തപുരത്ത് അവരുടെ ഹെഡ് ഒഫീസിൽ വിളിച്ച് ചോദിച്ചു. എനിക്ക് വയ്പക്ക് അർഹത ഉണ്ട് എന്ന് ഫോൺ എടുത്ത മാനേജർ സമ്മതിച്ച്. പക്ഷെ ജാമ്യം ഒഴിവാക്കി തരാൻ പറ്റില്ല. അതിനു അധികാരം അവർക്കില്ല. റീജ്യണൽ മാനേജറോട് ചോദിച്ച് നോക്കാൻ പറഞ്ഞ് ഒരു ഫോൺ നമ്പർ തന്നു. അതിൽ വിളിച്ചിട്ട് ആരും എടുത്തില്ല.
അവസാനം ഞാൻ തീരുമാനിച്ചു.. ഇവരുടെ ഈസി ഹോം ലോൺ എന്നൊക്കെ പരസ്യം കണ്ട് അവരുടെ ഒഫീസ്സിൽ കയറി ചെല്ലുമ്പോഴെ മനസ്സിലാകൂ എത്ര ഈസി ആണു കാര്യങ്ങൾ എന്ന്. ഞാൻ കൂടുതൽ പലിശ കൊടുത്തു സ്വകാര്യ ബാങ്കിൽ നിന്നും വായ്പ എടുക്കുവാൻ തീരുമാനിച്ചു. സർക്കാർ ബാങ്കുകൾ പൈസ ഉള്ളവരും സ്ത്രീധനം വാങ്ങി ആസ്ഥിയുള്ളവരും, ജന്മികളും, കള്ളപണം വെളുപ്പിക്കാൻ ലോൺ എടുക്കുന്നവർക്കും, മാത്രം ഉള്ളതാണ്. പതിനാലു വർഷം സർക്കാരിൽ ജോലി ചെയ്ത എന്നെ പോലെയുള്ളവർക്ക് പോലും ഇവർ വായ്പ കൊടുക്കില്ലെങ്കിൽ പിന്നെ ഈ നാട്ടിലെ പാവങ്ങൾക്ക് ഇവരുടെ ഓഫീസ്സിൽ കയറാൻ പോലും പറ്റുമോ?
എന്തൊക്കെ ചോദ്യങ്ങളാണ് വായ്പ എടുക്കാൻ വരുന്നവരോട് ചോദിക്കുന്നത്! കാറുണ്ടോ, സ്ഥലമുണ്ടൊ, വീടുണ്ടൊ, സ്വർണ്ണം എത്രയുണ്ട്, മറ്റു നിക്ഷേപങ്ങൾ എത്രയുണ്ട്.. ചുരുക്കി പറഞ്ഞാൽ ഒരുപാട് ആസ്തിയും നിക്ഷേപവും, സ്വർണ്ണവും ഒക്കെ ഉള്ളവർക്കു മാത്രമെ ലോൺ കൊടുക്കൂ. ലോൺ എടുക്കുന്ന വസ്തു ജാമ്യത്തിനു പുറമെയാണിതൊക്കെ. വിയർത്ത് പോകും ഈ ചോദ്യങ്ങൾ കെട്ടാൽ. ഇത്ര നാൾ ജീവിച്ചിട്ടു ഒരു പ്രയോജനവും ഇല്ല എന്ന് തോന്നിപോകും. ചോദ്യങ്ങൾ കേട്ട് നമ്മൾ കൊച്ചായി കൊച്ചായി ഇല്ലാതെ ആകും.. ഇത്രയൊക്കെ ഉണ്ടെങ്കിൽ പിന്നെ വായ്പ എടുക്കാൻ ഇവിടെ എനിക്കു വരേണ്ടിയിരുന്നില്ലലോ എന്നു ഞാൻ ഒഫീസറൊട് ചോദിച്ചു. ഇതെല്ലാം ഉള്ളവനു ചുരുങ്ങിയ (8%) നിരക്കിൽ വായ്പ്പ കൊടുത്ത് അവനെ കൂടുതൽ പുഷ്ടിപെടുത്തലാണോ സർക്കാർ ബാങ്കുകളുടെ പണി? അതൊ ജനസേവനമോ? തിരിച്ചടക്കാൻ പറ്റാത്തവർക്ക് വായ്പ കൊടുക്കാൻ പറയുന്നില്ല. പക്ഷെ ആർക്ക് വേണ്ടിയാണ് ഈ വായ്പകൾ എന്ന് സർക്കാർ തീരുമാനിക്കണം.
Loading...
നൂറു ശതമാനവും ശരിയാണ്. മാത്രമല്ല, വീടും സ്ഥലവും കൂടിയാണു വാങ്ങുന്നതെങ്കിൽ, കരാറിലെ വിലയ്ക്കു രജിസ്റ്റർ ചെയ്യണം. വായ്പ തരുന്നതോ? അവർ സ്ഥലം വന്നുകണ്ട് അതിനൊരു വില നിശ്ചയിച്ച് അതിന്റെ 80% തുകമാത്രവും. വല്ലവർക്കും വാങ്ങാൻ സാധിക്കുമൊ?
sudesh - സെപ്റ്റംബര് 20, 2009 at 2:07 am